മോഹം …

മോഹിക്കാൻ എനിക്ക് ഭയമാണ് മോഹങ്ങൾ പൂവണിയാറില്ലാത്തത് കൊണ്ട് മാത്രമല്ല ഒരു ചാൺ അകലത്തിൽ എന്റെ മോഹങ്ങൾ തിരിഞ്ഞു നടക്കുന്നു എന്റെ മോഹങ്ങള്‍ക്ക്‌ കടലിന്റെ ആഴമോ .. ആകാശത്തിന്‍റെ പരപ്പോ ഇല്ലായിരുന്നു ഒരു കുന്നിക്കുരുവോളം മാത്രം എന്നിട്ടും എന്റെ മോഹങ്ങൾക്ക് എന്നിലേക്ക് വരാൻ മടിയായിരുന്നു മോഹമേ നീ അറിയുക നീ വേട്ടയാടി വേദനിപ്പിച്ച ഈ കൊച്ചു ഹൃദയം ഇപ്പോഴും മിടിച്ചു കൊണ്ടിരിക്കുന്നു മിടിപ്പ് നില്കുന്നത് വരെ മോഹിച്ചു കൊണ്ടിരിക്കും എന്ന വാശിയോടെ … ഷഹൂർ

സ്വപ്നങ്ങൾ …

നെഞ്ചിൽ ഒരു നെരിപ്പോടായി , എന്നും നാം കൊണ്ട് നടക്കുന്ന ചില നഷ്ട സ്വപ്നങ്ങളുണ്ട് , ആരും കാണാതെ നമ്മളാ സ്വപ്നങ്ങളെ താലോലിക്കുകയും ചെയ്യും , സുഖമുള്ള ഒരു വേദനയോടെ … സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാവില്ല , പക്ഷെ ചില യാഥാർഥ്യങ്ങൾ സ്വപ്നങ്ങളാവും … ഷഹൂർ

ചിരി …

ഒരുപാട് പൊട്ടിച്ചിരിക്കുന്നവർ അവരുടെ ചിരിക്കു പുറകിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങളുടെയും , സങ്കടങ്ങളുടെയും അത്രയൊന്നും ഇവിടെ ഒരു രഹസ്യാന്വേഷണ ഏജൻസികളും മറച്ചു വെച്ചിട്ടുണ്ടാവില്ല … ഷഹൂർ

മനസ്സിന്റെ പ്രതിരോധം …

ഓർമിക്കാൻ ഇഷ്ടപെടാത്ത കാര്യങ്ങൾ മനസ്സിലേക്ക് ഇടിച്ചു കയറി കൊണ്ടേ ഇരിക്കും … അതിനെ പ്രതിരോധിക്കാൻ പഠിക്കുകയാണ് മനുഷ്യൻ , പ്രതിരോധിക്കാൻ തിരഞ്ഞെടുക്കുന്ന മാർഗങ്ങളെ ആശ്രയിച്ചിരിക്കും അതിലെ ജയ പരാജയങ്ങൾ … ഷഹൂർ

കണ്ണു നീർ…

ഇഷ്ടപ്പെട്ടവരെ കാണുമ്പോൾ , അവരെ വേർപിരിയുമ്പോൾ കണ്ണ് കണ്ണു നീരായി ആ വികാരങ്ങളെ പുറം തള്ളുന്നു … യഥാർത്ഥ സ്നേഹത്തിനു ഉടമകൾ ഇല്ല, അടിമകളെ ഉള്ളു … കണ്ണു നീരിന്റെ അടിമകൾ… ഷഹൂർ

മിഥ്യ…

ഞാൻ കാണുന്നതെല്ലാം മിഥ്യ … നീ പറയുന്നതെല്ലാം സത്യം … നിന്റെ ആ സത്യങ്ങൾ നിന്നെ തോൽപ്പിക്കാതിരിക്കട്ടെ … ഷഹൂർ

എന്റെ മൗനം …

എന്റെ മൗനമാണ് നിനക്ക് സന്തോഷമെങ്കിൽ , എന്റെ മൗനത്തെ ഞാനും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു … ഷഹൂർ

മുഖം മൂടി…

ഈ ലോകത്തു ജീവിക്കാൻ ഞാനും തേടുന്നു കപടതയുടെ ഒരു മുഖം മൂടി … എനിക്കു ചുറ്റുമുള്ളവർക് വേണ്ടി ഞാനും അതണിയുന്നു … ഷഹൂർ

മാറ്റം…

കുട കയ്യിലുണ്ടായിട്ടും മഴ നനഞു പോകുന്നവനെ ഭ്രാന്തനെന്നു പറയാതെ … ആസ്വാദനത്തിന്റെ വേറിട്ട രീതിയായി കാണുവാൻ എന്നു നാം ശീലമാകുന്നുവോ … അവിടെ തുടങ്ങും മാറ്റം … യഥാർത്ഥ മാറ്റം … ഷഹൂർ

കപടത…

കരയുടെ കപടതയെക്കാൾ… വികാരങ്ങളെ തിരകളാൽ പ്രകടമാക്കുന്ന കടലിനെ ആണെനിക്കിഷ്ടം … ഷഹൂർ

മരണം …

ജീവിതം മരണത്തെ കാത്തിരിക്കുന്നത് പോലെ ആരും ഒന്നിനെയും കാത്തിരുന്നിട്ടില്ല … ഷഹൂർ

കാലം…

കാലം ജീവിതത്തോട് മറക്കാൻ ആവശ്യപെടുന്ന ചിലതുണ്ട് … അത് ജീവിതത്തെ മുന്നോട്ടുള്ള യാത്രയിൽ സഹായിക്കുവാനത്രേ … ഷഹൂർ

പകൽ…

പകലിനെ സ്നേഹിക്കുക … നിലാവിനെ, നമുക്ക് പരിചയപ്പെടുത്തിയത് പകലാണ് … ഷഹൂർ

ഓർമ്മ …

ഓർമിക്കാൻ മറന്നതല്ല മറക്കാൻ മറന്നതാണ് … മറന്നാലല്ലേ ഓർമിക്കേണ്ടതുള്ളൂ … © ഷഹൂർ

മഴ…

ഈ മഴയത്ത് ഒരുമിച്ചൊരു കുട കീഴിൽ നടക്കുവാനായിരുന്നു എനിക്കിഷ്ടം പക്ഷെ എനിക്ക് മുന്നേ നടന്നു നീങ്ങുവാനായിരുന്നു നിനക്ക് താല്പര്യം … © ഷഹൂർ

വാക്ക്‌ …

ചില മർമ്മരങ്ങൾ നില വിളികളും ചില നിലവിളികൾ മർമ്മരങ്ങലുമാകുന്നു … മനുഷ്യന്റെ മനസ്സത്രേ അത് … വാക്കാണ്‌ സത്യം , ജീവിതം കൊണ്ട് തെളിയിക്കെണ്ടുന്ന സത്യം … © ഷഹൂർ

ഉത്തരം

അവളുടെ ചോദ്യങ്ങൾ വൈകിയിരുന്നെങ്കിലും ഉത്തരം കൊടുക്കാൻ ഞാൻ വൈകിയിരുന്നില്ല … പക്ഷെ ആ നിമിഷാർദ്ധം മതിയായിരുന്നു അവൾക്ക് ചോദ്യങ്ങൾ മറക്കാൻ … © ഷഹൂർ

തിരിച്ചു കിട്ടാത്ത സ്നേഹം…

എന്തും നഷ്ടപ്പെടുമ്പോഴാണ് അതിനെ കൂടുതല്‍ തിരിച്ചറിയാന്‍ കഴിയുന്നത്‌. തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണെന്ന് വായിച്ചിട്ടുണ്ട്. അത് ഒരു പരിധിവരെ സത്യവുമാണ്. കാലങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും നമുക്ക് നമ്മെ തിരിച്ചറിയാന്‍ കഴിയാതെ പോയെതെന്തുകൊണ്ടാവും ? ജീവിതത്തില്‍ ഒറ്റപ്പെടുന്ന നിസ്സാഹായ വേളകളില്‍ സല്ലപിക്കാന്‍ തോനുന്ന വികാരമല്ല പ്രണയം. അതിന് ചില മാനങ്ങളുണ്ട്. അതില്‍ പ്രതീക്ഷകളുണ്ട്. സ്വപ്നങ്ങളുണ്ട്. ദുഖത്തില്‍ സാന്ത്വനമായി ,തണലായി ,…… സ്വാര്‍ഥത ,സ്നേഹത്തിന്റെ വകഭേതമാണെന്ന് നീ പറഞ്ഞു. സ്നേഹമുള്ളിടത്തെ സ്വാര്‍ഥതയുള്ളൂ എന്നും… ഞാന്‍ അതിനെ നിഷേധിക്കുന്നില്ല . […]

പ്രണയം

കാഴ്ചകൾ മറയുന്നു ചിന്തകൾ മരവിക്കുന്നു പ്രണയമെന്ന വികാരം എനിക്ക് സമ്മാനിക്കുന്നത് ഇതാണെങ്കിൽ എന്തിനു നീ എന്നെ പ്രണയിപ്പിച്ചു … © ഷഹൂർ

ഞാൻ

ചില സത്യങ്ങൾ ഉൾകൊള്ളാൻ മനസ്സിനോട് ആവിശ്യപെടുന്നു … മതിലിൽ എറിഞ്ഞ റബ്ബർ പന്താകുന്നു എന്റെ വികാരങ്ങൾ … © ഷഹൂർ

അംബര ചുംബികൾ

കുട്ടിക്കാലത്ത് ചവിട്ടിയരച്ച പുൽനാംമ്പുകളെ തേടി വന്നപ്പോൾ കാണാനായത് , ഒരിക്കലും കിളിർക്കാതിരിക്കാൻ അവയെ ഞെരിച്ചമർത്തുന്ന കോൺക്രീറ്റ് കല്ലുകളെയാണ് … © ഷഹൂർ

സാക്ഷി

മറ്റുള്ളവര്ക് തെറ്റാണെന്ന് തോന്നുന്ന ചില തീരുമാനങലായിരുന്നു ശെരി എന്നതിനു ചരിത്രം സാക്ഷി … © ഷഹൂർ

സ്വന്തം

മണ്ണിലേക്ക് ഇറങ്ങി വന്ന ചില നക്ഷത്ര ജന്മങ്ങളെ പിടി വിടാതിരിക്കുക … ദൈവം നിങ്ങൾക്ക് മാത്രമായി ഇറക്കിയതാണത് … കിട്ടാൻ വൈകിയാലും അത് നിങ്ങളിലേക്ക് തന്നെ എത്തിച്ചേരും … © ഷഹൂർ

സ്നേഹത്തോടെ …

എഴുതാനൊന്നും അറിയില്ല , മനസ്സിൽ തോന്നുന്നത് കുറിക്കുന്നു , ഞങ്ങളുടെ സ്വന്തം കോഴിക്കോടൻ ഭാഷയിൽ … നിങ്ങളുടെ അഭിപ്രായങ്ങളും , വിമർശനങ്ങളും പങ്കു വെക്കുക …